ഇന്ത്യൻ മണ്ണിൽ വിശ്രമം കണ്ടെത്തിയ മിഷനറിമാർ

അന്നയുടെ മരണത്തിനു ഒരാഴ്ച മുമ്പുള്ള പാട്ടാണ് അതെന്ന് അപ്പോൾ കുക്ക് അറിഞ്ഞിരുന്നില്ല.

0 1,295

അഫ്രിക്കയിൽ സുവിശേഷമറിയിച്ച് ജീവൻ വെടിഞ്ഞ ഡേവിഡ് ലിവിംഗ്സ്റ്റണിനെപ്പറ്റിയും, ഔക്ക ജാതിക്കാരുടെ കയ്യാൽ വെട്ടിനുറുക്കപ്പെട്ട ജിം എലിയട്ടിനെപ്പറ്റിയുമുള്ള കഥകൾ നമുക്കു സുപരിചിതങ്ങളാണ്. മിഷനറി കോൺഫറൻസുകളിൽ സി.റ്റി സ്റ്റഡും , ഹഡ്സൺ ടെയ്ലറും മറ്റും വീര പുരുഷൻമാരാണ് . എന്നാൽ മലയാള നാട്ടിൽ വന്ന് ജീവിച്ച്, ജീവിതം ഹോമിച്ച വിദേശ മിഷനറിമാരെപ്പറ്റി പെന്തക്കോസ്തുകാരായ മിഷനറിമാരെപ്പറ്റി നമ്മിൽ എത്ര പേർക്കറിയാം ?( അറിയണം )

കേരളത്തിലെ ആദ്യ പെന്തക്കോസ്ത് മിഷനറിമാരിലൊരാളായ മിസ് ബൗൺസിൽ സഹോദരി ആൽഡ് വിങ്കളുമൊത്ത് 1912-ൽ തെക്കൻ തിരുവിതാംകൂറിലെ പ്രവർത്തനത്തിനെത്തുമ്പോൾ ഇന്ത്യയായിരിക്കും അവരുടെ ശ്മശാനഭൂമിയെന്ന് ഒരിക്കലും ചിന്തിച്ചിരിക്കില്ല. ബ്രദറൺ മിഷനറിമാരായാണ് ബ്രിട്ടീഷുകാരായ ഈ സഹോദരിമാർ ആദ്യം ഇന്ത്യയിലെത്തുന്നത്. എന്നാൽ 1907 -ൽ തോമസ് ബാരറ്റ് മിഷനറിമാർക്കായി കുനൂരിൽ നടത്തിയ യോഗങ്ങളിൽ വച്ച് അവരിരുവരും ആത്മ സ്നാനം പ്രാപിച്ചതിനെത്തുടർന്ന് പെന്തക്കോസ്ത് മാർഗം തെരഞ്ഞെടുക്കുകയുണ്ടായി.

രോഗശാന്തിവര പ്രാപ്തയായിരുന്ന മിസ് ബൗൺസിൽ രചിച്ച ‘അർദ്ധരാത്രിയിലെ ആർപ്പുവിളി ‘ യാണ് മലയാള പെന്തക്കോസ്തരുടെ ആദ്യത്തെ പ്രചരണ ലേഖ. തെക്കൻ തിരുവിതാംകൂറിൽ അവരുടെ പ്രവർത്തനം മുന്നേറിക്കൊണ്ടിരുന്നപ്പോഴാണ് ഒന്നാം ലോകമഹായുദ്ധത്തിന്റെ പടഹദ്ധ്വനി മുഴങ്ങുന്നത്. തുടർന്ന് അവർ തഞ്ചാവൂരിലേക്ക് സ്ഥലം മാറി. 1914-ലായിരുന്നു അത്.

രോഗബാധിതയായിത്തീർന്ന മിസ് ബൗൺസിൽ തഞ്ചാവൂരിൽ വച്ചു തന്നെ അന്തരിച്ചു. അന്ന് അവരോടൊപ്പമുണ്ടായിരുന്ന പന്തളം മത്തായി ഉപദേശിയാണ് ശവസംസ്കാര ശുശ്രൂഷ നിർവ്വഹിച്ചത്. ശവമടക്കാൻ നേരം കനത്ത മഴ! കുഴി നിറയെ വെള്ളം !! ജീവിച്ചിരുന്നപ്പോൾ ബൗൺസിൽ മദാമ്മയ്ക്ക് ഏറ്റവും പേടി വെള്ളം കാണുന്നതായിരുന്നത്രേ. ജീവനറ്റ ആ ശരീരം മത്തായി ഉപദേശിക്ക് വെള്ളം നിറഞ്ഞ കുഴിയിൽത്തന്നെ വെച്ച് മൂടേണ്ടി വന്നു. തിരിച്ചെത്തിയ മത്തായി ഉപദേശി ഈ സംഭവങ്ങളൊക്കെ വിവരിച്ചത് ഇന്നും ജീവിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ മക്കളോർക്കുന്നു.

1913-ൽ പാസ്റ്റർ കുക്കിനൊടൊപ്പം അമേരിക്കയിൽ നിന്ന് ഇന്ത്യയിലെത്തിയ മിസിസ് അന്നാ കുക്കും ഇന്ത്യയിൽ വെച്ചു തന്നെ മരിച്ച മിഷനറി വനിതയാണ്. ത്യാഗപൂർണ്ണമായ ജീവിതം കൊണ്ടും ഉറച്ച തീരുമാനശക്തി കൊണ്ടും പാസ്റ്റർ കുക്കിനു ബലം പകർന്ന അന്ന 1917 ആഗസ്റ്റ് 31-നു ബാംഗ്ലൂരിൽ വെച്ചാണ് മരിക്കുന്നത്. അതിനു കൃത്യം ഒരാഴ്ച മുമ്പ് കുക്ക് സായ്പ് ഫ്രെയ്സർ ടൗണിൽ ആരംഭിച്ച ഇംഗ്ലീഷ് ആരാധനയിൽ അദ്ദേഹവും അന്നയുമൊന്നിച്ച് ‘ഓ സ്വീറ്റ് റസ്റ്റ് ‘ എന്ന ഗാനമാലപിച്ചപ്പോൾ ആമുഖമായി അദ്ദേഹമിങ്ങനെ പറഞ്ഞു.

” ഇന്ത്യയിലെ ഹിൽ സ്റ്റേഷനുകളിലൊന്നിൽ മിഷനറിയായി വന്ന സിസ്റ്റർ ഗാർ (എ.ജി ഗാറിന്റെ ഭാര്യ – എ. ജി ഗാർ ഇന്ത്യയിലെത്തിയ ആദ്യ പെന്തക്കോസ്തു മിഷനറിയായിരുന്നു) അവരുടെ മരണത്തിന് ഒരാഴ്ച മുമ്പ് ലോസ് ആഞ്ചലസിൽ വച്ചു പാടിയ പാട്ടാണിത്. ”

അന്നയുടെ മരണത്തിനു ഒരാഴ്ച മുമ്പുള്ള പാട്ടാണ് അതെന്ന് അപ്പോൾ കുക്ക് അറിഞ്ഞിരുന്നില്ല.

മിസ് ബൗൺസിലും അന്നയും കേരളത്തിന് പുറത്തു വച്ചാണ് ജീവൻ വെടിഞ്ഞതെങ്കിൽ അസംബ്ലീസ് ഓഫ് ഗോഡിന്റെ ആദ്യ മിഷനറിയായി കേരളത്തിലെത്തിയ മിസിസ് മേരി ചാപ്മാൻ കേരളത്തിലെ മാവേലിക്കര പട്ടണത്തിൽ വെച്ചാണ് കർതൃ സന്നിധി പൂകിയത്. 1927 നവംബർ 27-നാണ് അവർ മരിക്കുന്നത്. മരിക്കുമ്പോൾ അവർക്ക് 70 വയസ് പ്രായമുണ്ടായിരുന്നു. 1915ൽ ഇന്ത്യയിലെത്തിയ ആ മിഷനറി വനിത 1921-ൽ 64-ആം വയസ്സിൽ അവധിക്ക് നാട്ടിലെത്തിയപ്പോൾ പ്രായാധിക്യം കണക്കിലെടുത്ത് ഇനി ഇന്ത്യയിലേക്ക് പോകരുതെന്ന് സുഹൃത്തുക്കളും ബന്ധുക്കളും നിർബന്ധിച്ചതാണ്. എന്നാൽ “യുവാക്കൾക്ക് പോകാൻ കഴിയുന്നില്ലെങ്കിൽ വയോധികരെങ്കിലും പോയി ഇന്ത്യയ്ക്ക് സുവിശേഷമെത്തിക്കേണ്ടിയിരിക്കുന്നു ” എന്നായിരുന്നു അവരുടെ മറുപടി. മാവേലിക്കര എ.ജി കോമ്പൗണ്ടിലാണ് അവരെ അടക്കിയത് . ” അന്ന് എ.ജി മിഷനറിയായി കേരളത്തിലെത്തിയ ജോൺ എച്ച്. ബർജ്ജസ് ആയിരുന്നു സംസ്കാരശുശ്രൂഷ നിർവ്വഹിച്ചത്.

കേരളത്തിന്റെ മണ്ണിൽ ആറടി സ്ഥലം കണ്ടെത്തിയ മറ്റൊരു പ്രഗത്ഭ മിഷനറിയായിരുന്നു റോബർട്ട് ഷേവർ. (John Robert Shaver)

സതേൺ കാലിഫോർണിയായിലെ ബൈബിൾ സ്കൂളിൽ പഠിച്ചു കൊണ്ടിരുന്നപ്പോഴാണ് ജോൺ റോബർട്ട് ഷേവർ തിരുവിതാംകൂറിലെ സുവിശേഷ പ്രവർത്തനത്തിനായി തീരുമാനമെടുത്തത്. അന്ന് കാലിഫോർണിയ സന്ദർശിച്ച പാസ്റ്റർ എ.സി സാമുവൽ, പാസ്റ്റർ സിം കുഞ്ഞുമ്മൻ എന്നീ കർതൃ ദാസന്മാർ തിരുവിതാംകൂറിലെ പെന്തക്കോസ്തു വേലയെപ്പറ്റി വിവരിച്ചപ്പോഴാണ് ഷേവറിനു ദൈവവിളി ബോദ്ധ്യപ്പെട്ടത്.

ഭാര്യയും രണ്ടു കുഞ്ഞുങ്ങളുമായി ഇന്ത്യയിലേക്കു പോകാനൊരുങ്ങുന്ന റോബർട്ട് ഷേവറിനോട്, സുഹൃത്തുക്കൾ “പോകരുത് , പോയാൽ വല്ല ലംഗ്സ് പോളിയോയും വന്ന് നീ മരിച്ചു പോവുകയേ ഉള്ളൂ ” എന്നു പറഞ്ഞ് നിരുത്സാഹപ്പെടുത്തി. ” ശ്വാസകോശത്തിനു പോളിയോ ബാധിച്ച് കാലിഫോർണിയായിലെ റിവർസൈഡിലും ആളുകൾ മരിക്കുന്നുണ്ട്. അതിന് ഇന്ത്യയിൽ പോകണമെന്നില്ല. പിന്നെ, ഒരു വലിയ ദൈവത്തെയാണ് ഞാൻ സേവിക്കുന്നത്. അവിടുന്ന് എന്നെ സഹായിക്കും. എന്നാൽ കർത്താവിനു വേണ്ടി മരിക്കാനുള്ള ഒരുക്കത്തോടെയാണ് ഞാൻ ഇന്ത്യയിലേക്ക് പോവുന്നത് ” എന്ന് ഷേവർ മറുപടി പറഞ്ഞു. ഇന്ത്യയിലേക്കുള്ള യാത്രയയപ്പു യോഗത്തിൽ മറുപടി പ്രസംഗത്തിന്റെ സമയത്ത് ഷേവർ പാടിയ ഒരു പാട്ട് ‘റെഡി റ്റു ഗോ’ എന്നു തുടങ്ങുന്ന ഒരു മിഷനറി ഗാനമായിരുന്നു.

1950 മെയ് മാസത്തിൽ ഷേവർ കുടുംബം കേരളത്തിലെത്തി. പുനലൂരെ ബൈബിൾ സ്കൂളിന്റെ പ്രവർത്തകനായിച്ചേർന്നു. കൂട്ടു മിഷനറിമാരെയും ബൈബിൾ സ്കൂളിലെ ഭാരതീയരായ പ്രവർത്തകരെയും അദ്ദേഹം സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ചു. ദൈവരാജ്യത്തിന്റെ വ്യാപ്തിക്കായി മുന്നിട്ടിറങ്ങാൻ വിദ്ധ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു.

എല്ലാം ആറു മാസങ്ങളെ നീണ്ടു നിന്നുള്ളൂ. ഡിസംബർ ഒന്നിനു ആരുടെയോ പ്രവചനമെന്നപോലെ അദ്ദേഹം രോഗബാധിതനായി. കഠിനമായ വേദന അദ്ദേഹത്തെ തളർത്തി. ശ്വാസം കിട്ടാതെ അദ്ദേഹം വളരെ ബുദ്ധിമുട്ടി. സഹ മിഷനറിമാർ അദ്ദേഹത്തെ ചികിത്സയ്ക്കായി തിരുവനന്തപുരത്തേയ്ക്കു കൊണ്ടുപോയി. നാഗർകോവിലെ കാതറിൻ ബൂത്ത് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെട്ടെങ്കിലും സമയം താമസിച്ചു പോയിരുന്നു. “സെറിബ്രോ സ്പൈനൽ എൻസെഫാലിറ്റിസ് ‘ ഡോക്ടർമാർ രോഗനിർണ്ണയം നടത്തി. ഡിസംബർ 6 രാവിലെ 10.30 നു റോബർട്ട് ഷേവർ കർതൃ സന്നിധിയിലേക്കു വിളിച്ചു ചേർക്കപ്പെട്ടു.

റോബർട്ട് ഷേവറിന്റെ മൃതദേഹം പുനലൂരിലേക്കു കൊണ്ടുവന്നു. ഡിസംബർ 7 നു അദ്ദേഹത്തെ ബഥേൽ ബൈബിൾ കോളേജ് സെമിത്തേരിയിൽ അടക്കം ചെയ്തു. ഇന്ത്യയിലേക്കു പുറപ്പെടുന്നതിനു മുമ്പ് അമേരിക്കയിൽ നടന്ന മിഷനറി യോഗങ്ങളിൽ ഷേവർ പറഞ്ഞ ചില വാക്കുകൾ ആ മനുഷ്യന്റെ സമർപ്പണത്തെ വെളിവാക്കുന്നതാണ്. “ഞങ്ങളിലാരെങ്കിലും ഇന്ത്യയിൽ വെച്ചു മരിച്ചാൽ നിങ്ങൾ ദു:ഖിക്കുകയല്ല വേണ്ടത്, ഞങ്ങൾക്കു പകരം എത്രയും വേഗം ആളെ അയക്കുകയാണ്.”

അസുഖ ബാധിതനാകുന്നതിനു തൊട്ടുമുമ്പു ഷേവർ പറഞ്ഞുവത്രേ “പുനലൂരെ ബൈബിൾ സ്കൂൾ സുസജ്ജമാക്കുക എന്നതാണ് ഇപ്പോൾ ഞാൻ പ്രാധാന്യമേറിയതായി കണക്കാക്കുന്നത്”. സുവിശേഷവുമായി എല്ലാ സ്ഥലങ്ങളിലും പോകുവാൻ ഞങ്ങൾക്ക് കഴിയുകയില്ലല്ലോ.. അങ്ങനെ ഞങ്ങൾക്ക് പോകാനാവാത്തിടത്തേക്ക് മിഷനറി ദർശനത്തോടെ, ആത്മദാഹത്തോടെ ഈ വിദ്യാർത്ഥികളെ പറഞ്ഞയക്കുക എന്നതാണ് എന്റെ പ്രഥമ കർത്തവ്യം ”
ഷേവറിന്റെ ഭാര്യ കാരലിനും പോളിയോ ബാധിച്ചിരുന്നു. എന്നാൽ വിദഗ്ദധ ചികിത്സ ലഭിച്ചതിനാൽ അവർ മരണമടഞ്ഞില്ല. ഭർത്താവ് മരിച്ച് ഒരാഴ്ചയ്ക്കു ശേഷം അവർ അമേരിക്കയിലെ മിഷൻ കേന്ദ്രത്തിലേക്കയച്ച കത്തിൽ ഇങ്ങനെ എഴുതിയിരുന്നു.

” ഒരാഴ്ചക്കു മുമ്പ് എന്റെ ഭർത്താവിന്റെ മരണം ഞാൻ നേരിൽ കണ്ടു… മരണം അനിവാര്യതയാണ്. എന്റെ ഭർത്താവ് മരണത്തിലൂടെ കർത്താവിന്റെ സന്നിധിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ് എന്നെനിക്കറിയാം. എന്നാൽ പാപത്തെ പുൽകുന്നവർക്ക് മരണം ഒരു ഭീകരാവസ്ഥയാണ്. അങ്ങനെയുള്ളവരോട് പാപത്തിൽ നിന്നു പിന്തിരിയാൻ, മരണത്തിന്റെ ഭീകരാവസ്ഥയെ ഇല്ലായ്മ ചെയ്ത്, മരണം മധുരമായൊരു അവസ്ഥയാക്കി മാറ്റിയ രക്ഷകനെ കണ്ടുമുട്ടുവാൻ ഞാൻ ഉപദേശിക്കുന്നു ”

ഭർത്താവ് മരിക്കുമ്പോൾ കാരൽ ഷേവർ ഗർഭിണിയായിരുന്നു. ഷേവർ മരിച്ച് ഏഴാം മാസത്തിൽ അവർ തങ്ങളുടെ മൂന്നാമത്തെ കുഞ്ഞിനെ പ്രസവിച്ചു. പിതാവിനെ ഒരിക്കലും കണ്ടിട്ടില്ലാത്ത ആ മകൻ ഇപ്പോൾ പിതാവ് പഠിച്ച ബൈബിൾ കോളേജിൽ പഠിച്ച് മിഷനറിയായി പ്രവർത്തിക്കുകയാണ്.

ഇന്ത്യയിൽ നിന്ന് മടങ്ങിപ്പോയ കാരൽ ഷേവർ പിന്നീട് കുറച്ചു കാലം ബ്രസീലിൽ മിഷനറിയായിരുന്നു. അരിസോണയിൽ പെൺകുട്ടികൾക്കായുള്ള ഒരു അനാഥാലയവും അവർ നടത്തി.

ഇന്ന് പെന്തക്കോസ്ത് എന്തെന്തു വളർന്നിരിക്കുന്നു പഴയ കഷ്ടപ്പാടുകളും പ്രയാസങ്ങളുമൊക്കെ വെറും ഓർമ്മകൾ മാത്രം

കടപ്പാട്: സാജു ജോൺ, കേരള പെന്തക്കോസ്ത് ചരിത്രം